ദില്ലി: ഇപിഎസ് – ഒപിഎസ് തർക്കക്കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം. തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി കോടതി തിരിച്ചയച്ചു. ഗ്രൂപ്പ് പോരിനെത്തുടർന്ന് പൂട്ടിയ അണ്ണാ ഡിഎംകെ ആസ്ഥാനം ഇപിഎസ് വിഭാഗത്തിന് തുറന്നുകൊടുത്തു. രാവിലെ പത്തരയ്ക്ക് റവന്യൂ അധികൃതരെത്തി പൂട്ടി മുദ്ര വച്ച നാല് വാതിലുകളും തുറന്ന് താക്കോലുകൾ ഇപിഎസ് വിഭാഗത്തിന് കൈമാറി. ഓഫീസിന് മേൽ അവകാശവാദം ഉന്നയിച്ച് ഇപിഎസും ഒപിഎസും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇരുവിഭാഗത്തിന്‍റേയും വാദം വിശദമായി കേട്ടതിന് ശേഷം ഇന്നലെയാണ് ഇപിഎസിന് അനുകൂലമായ വിധി വന്നത്. ഓഫീസ് തുറന്നെങ്കിലും മതിയായ സുരക്ഷ തുടരണമെന്നും ഒരു മാസത്തേക്ക് ഓഫീസിന്‍റെ ചുമതലക്കാർ അല്ലാത്തവരായ പ്രവർത്തകരെ ഉള്ളിൽ കടക്കരുതെന്നും കോടതി നിർദേശമുണ്ട്. ഈ മാസം പതിനൊന്നിന് പാർട്ടി ജനറൽ കൗൺസിൽ യോഗത്തെ തുടർന്ന് ഒപിഎസ് അനുകൂലികൾ പാർട്ടി ആസ്ഥാനം ആക്രമിക്കുകയും ഇരുവിഭാഗവും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് ഓഫീസ് പൂട്ടി മുദ്ര വച്ചത്.