തിരുവനന്തപുരം > തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് അറബിക്കടലിൽ എത്തി. നിലവിൽ പടിഞ്ഞാറൻ കാറ്റ് ദുർബലാമയതിനാൽ ഇടവപ്പാതി കേരളത്തിലെത്തുന്നത് വൈകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്‌ധർ. ദക്ഷിണാർഥഗോളത്തിൽ നിന്ന് ഭൂമധ്യരേഖ കടന്നെത്തുന്ന കാറ്റ് ശക്‌തമാകുക വഴി അറബിക്കടലിൽ അനുകൂലഘടകങ്ങൾ രൂപപ്പെടണം. സാധാരണ ശ്രീലങ്കയിൽ അതി ശക്തമായ മഴ നൽകിയാണ് കാലവർഷക്കാറ്റ് അറബിക്കടലിൽ എത്തുക. എന്നാൽ ഇക്കുറി അതുണ്ടായില്ല. ആന്റമാനിൽ കാലവർഷം എത്തുന്നതും വൈകിയിരുന്നു.
അതിനിടെ മധ്യ അറബിക്കടലിൽ ന്യൂനമർദ്ദ മേഖല രൂപപ്പെടുകയാണ്. ഇത് ചുഴലിക്കാറ്റായാൽ കാലവർഷത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പസഫിക്ക് സമുദ്രത്തിൽ നിലനിൽക്കുന്ന ചുഴലിക്കാറ്റ്, കാലവർഷക്കാറ്റിന്റെ മുന്നേറ്റത്തിന് തടസമാകുകയാണ്. ഒപ്പം തെക്കൻ കേരളത്തിന് മുകളിൽ നിലനിൽക്കുന്ന പ്രതിചക്രവാതവും. സാധാരണ വേനൽകാലത്തുണ്ടാകുന്ന ഇടിമിന്നൽ മേഘങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തിന്റ പലഭാഗങ്ങളിലും ലഭിക്കുന്ന മഴക്ക് കാരണം. ഇടവപ്പാതി നാലിന് കേരളത്തിലെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. എന്നാൽ ഇത് ഏഴാകാമെന്ന് മറ്റ് ഏജൻസികളും പ്രവചിക്കുന്നു.