അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയിപ് എര്‍ദോഗാന് ജയം. 52 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ആറ് പാര്‍ട്ടികളുടെ സഖ്യമായി മത്സരിച്ച എതിര്‍ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറലുവിന് 47 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
കടുത്ത മത്സരത്തിനൊടുവിലാണ് എര്‍ദോഗാന്‍ വീണ്ടും തുര്‍ക്കിയുടെ ഭരണസിരാകേന്ദ്രത്തിലെത്തുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിലൂടെ തുര്‍ക്കിയുടെ അധികാരത്തിനപ്പുറം രാജ്യാന്തര പ്രശസ്തി കൂടിയാണ് എര്‍ദോഗാന്‍ ഉറപ്പാക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഭൂചലനം, അരലക്ഷം പേര്‍ മരിച്ച ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തന പാളിച്ചകള്‍, രണ്ട് പതിറ്റാണ്ട് പിന്നിട്ട ഭരണത്തിനെതിരായ ജന വികാരം, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി, എതിരായ അഭിപ്രായ സര്‍വ്വേകള്‍, എര്‍ദോഗാന്‍ ഇത്തവണ വീഴുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ഇത്തവണ ഇല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന പ്രതിപക്ഷ ചിന്ത സംയുക്തസ്ഥാനാര്‍ത്ഥിയില്‍ വരെ എത്തി. കടുത്തതായിരുന്നു മത്സരം. ആദ്യ ഘട്ട വോട്ടെടുപ്പില്‍ അര ശതമാനം വോട്ടിന്റെ കുറവ്, ജയിക്കാനായില്ല. അന്ന് മൂന്നാം സ്ഥാനത്തെത്തിയ സിനാന്‍ ഓഗന്റെ പിന്തുണ ഉറപ്പിച്ചാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനിറങ്ങിയത്. 52 ശതമാനം വോട്ടോടെ ആധികാരിക ജയം.
1994ല്‍ ഇസ്താംബുള്‍ മേയറായാണ് എര്‍ദോഗാന്റെ അധികാര രാഷ്ട്രീയത്തിലെ തുടക്കം. പിന്നീട് ഇങ്ങോട്ട് പരാജയം അറിഞ്ഞിട്ടേ ഇല്ല. 2001ല്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി രൂപീകരിച്ചു. 2002ല്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയെങ്കിലും കോടതിയുടെ വിലക്കിനെ തുടര്‍ന്ന് മത്സരിക്കാനായില്ല. വിലക്ക് നീക്കിയതോടെ 2003ല്‍ പ്രധാനമന്ത്രി. 2014ല്‍ ഭരണഘടന തിരുത്തി പ്രസിഡന്റഷ്യല്‍ ഭരണത്തിലേക്ക് തുര്‍ക്കിയെ മാറ്റി. 2014 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട് എര്‍ദോഗാന്‍. പരിഷ്‌കരണവാദിയായെത്തിയ എര്‍ദോഗാനില്‍ പതിയെ അമിതാധികാര പ്രവണത പ്രകടമായി. വിയോജിപ്പുകളെ അടിച്ചമര്‍ത്തി, മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍, ജനാധിപത്യവിരുദ്ധ നിലപാട്, ഹാഗിയ സോഫിയ, കടുത്ത യാഥാസ്ഥികത വിമര്‍ശനങ്ങള്‍ ഏറെയാണ്. അഞ്ചാമതും അധികാരത്തിലെത്തുമ്പോള്‍ തുര്‍ക്കി മാത്രമല്ല ലോകവും എര്‍ദോഗാനെ ശ്രദ്ധിക്കുന്നു.