അങ്കമാലി: ചെമ്പന്നൂർ പാടശേഖരത്തിന് സമീപത്തെ റോഡിലെ കുത്തനെയുള്ള വളവിൽ വാഹനങ്ങളിൽനിന്ന് ചോർന്ന ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്കേറ്റു. അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കൈകാലുകൾക്ക് സാരമായി പരിക്കേറ്റ ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിവരമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഒഴിവാക്കി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.ബി. സുനി, സീനിയർ ഫയർ ഓഫിസർമാരായ വി.കെ. ബിനിൽ, എം.എസ്. സൂരജ്, കെ.പി. ശ്രീജിത്, ഹോം ഗാർഡ് ലിൻസോ പൗലോസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.