കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.
പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി.