കൊച്ചി : ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിനു തിരിച്ചടിയായി കോൺഗ്രസ് നേതാവ് സിപിഎമ്മിൽ. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരനാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ കഴിഞ്ഞ ദിവസം മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇക്കാര്യത്തിൽ നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന് ഇടതുനേതാക്കൾക്കൊപ്പം വിളിച്ച വാർത്താസമ്മേളനത്തിൽ എം.ബി.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിത്വം പാർട്ടിയുടെ സജീവപ്രവർത്തകർക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാർഥിത്വം നൽകിയല്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. അതിനുശേഷം കോൺഗ്രസ് നേതാക്കൾ നല്ല രീതിയിലല്ല പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സ്ഥാനാർഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചർച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതൽ പ്രാദേശിക നേതാക്കൾക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരൻ പറയുന്നു.