കൊച്ചി: ബ്രഹ്മപുരം തീപിടുത്തതിൽ ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കൊച്ചിൻ കോർപ്പറേഷൻ 54 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത ബയോ മൈനിംഗ് ഏറ്റെടുത്തത് എൽഡിഎഫിന്റെ മുൻ കൺവീനർ വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെട്ട കമ്പനിയാണെന്ന് ഷിയാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 9 മാസമായിട്ട് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർഡിഎഫ് ആക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ.എന്നാൽ തീപിടുത്തത്തോടെ ആ ചിലവ് കന്പനിക്ക് ലാഭിക്കാനായെനും ഷിയാസ് ആരോപിച്ചു.കൊച്ചി നഗരത്തിലെ മാലിന്യത്തിൽ നിന്നുപോലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്ന പാർട്ടിയും സർക്കാരുമായിരിക്കുകയാണ് സിപിഎമ്മും കോർപ്പറേഷൻ ഭരണകൂടമെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.
അതേസമയം എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നത്. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.