കൊച്ചി: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് കോടതി ശിക്ഷിച്ചത്. പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയിൽ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.
വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു. തടിയിട്ടപറമ്പ് പോലിസ് ഇൻസ്പെക്ടർ ആയിരുന്ന പി.എം.ഷെമീറിന്‍റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ളിക്ക് പ്പ്രോസിക്യൂട്ടർ എം.വി.ഷാജി ഹാജരായി. തടിയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എ.ആർ.ജയൻ പ്രോസിക്യൂഷൻ നടപടികളുടെ അസിസ്റ്റൻറായി പ്രവർത്തിച്ചു. നാപ്പതോളം സാക്ഷികളെ വിസ്തരിക്കുയുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ.
 
			

















 
                

