അങ്കമാലി: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടാക്കി സിനിമ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചിരുന്നു. എന്നാൽ പണമടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിങ് നടത്തിയതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. രണ്ടുദിവസത്തെ ഷൂട്ടിന് പ്രതിദിനം 10,000 രൂപ അടച്ചിട്ടുണ്ടെന്നും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
സർക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയതിന് ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീന കുമാരി ആവശ്യപ്പെട്ടത്. എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
ഫഹദ് ഫാസിൽ നിർമിക്കുന്ന ജിത്തു മാധവിന്റെ പൈങ്കിളി എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ആശുപത്രിയിൽ നടന്നത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു ഷൂട്ടിങ്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ഷൂട്ടിങ് എന്നാണ് പരാതിയിൽ പറയുന്നത്. ഷൂട്ടിങ് നടക്കുമ്പോൾ അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു.ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടെയായിരുന്നു ഷൂട്ടിങ് നടന്നത്. അതിനിടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവർക്ക് വാർഡിലേക്ക് കടക്കാനായില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രി എന്ന നിലയിലാണ് സർക്കാർ ആശുപത്രിയിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.