കൊച്ചി: സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജില്ല. യുകെയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇദ്ദേഹത്തിൻെറ കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേരത്തേ സംസ്ഥാനത്ത് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ ചിലർക്ക് ഒമിക്രോൺ സംശയിച്ചിരുന്നെങ്കിലും ഇതെല്ലാം നെഗറ്റിവ് ആയിരുന്നു.
എറണാകുളത്ത് രണ്ടു പേരുള്‍പ്പെടെ പത്തുപേർക്കാണ് ഒമിക്രോൺ പരിശോധനയിൽ ഫലം നെഗറ്റിവായത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലക്കാരായിരുന്നു ഇവർ. നേരത്തേ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിൻെറ ആശ്വാസത്തിലായിരുന്നു ജനം. ഡിസംബർ ആറിനെത്തിയ വ്യക്തിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്‍പ്പെടെ സുരക്ഷ പരിശോധനകൾ അതിശക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച രോഗി എത്തിയ ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രികർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇവരോട് ക്വാറൻറീനിൽ തുടരാനാണ് നിർദേശിച്ചത്.
ദിവസങ്ങൾക്കുമുമ്പേ ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ പരിശോധന സംവിധാനങ്ങളും അമ്പലമുകളിൽ 100 കിടക്കകളുള്ള ചികിത്സ കേന്ദ്രവും ഒരുക്കിയിരുന്നു. 12 ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ അഞ്ചു ശതമാനം യാത്രക്കാര്‍ക്കും വിമാനത്താവളത്തിൽ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവായ വ്യക്തിയുടെ സ്രവസാമ്പിള്‍ ജീനോമിക് പരിശോധനക്കയക്കുകയായിരുന്നു തുടർന്ന് ഇദ്ദേഹത്തെ ക്വാറൻറീനിലാക്കി. ജീനോമിക് പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് പ്രോട്ടോകോൾ പ്രകാരം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.