കൊച്ചി : അങ്കണവാടികൾ വഴി കുട്ടികൾക്കു വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ എറണാകുളം ജില്ലയിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും. വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉൽപാദിപ്പിച്ച എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. ഇവിടെ ഉൽപാദിപ്പിച്ച 2000 കിലോ അമൃതം പൊടി വിതരണത്തിനു നൽകിയിട്ടില്ല. എടയ്ക്കാട്ടുവയലിലെ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തുവാണു കണ്ടെത്തിയത്.
വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉൽപാദിപ്പിച്ച കുടുംബശ്രീ യൂണിറ്റിനെതിരെ കേസെടുത്തു കർശന നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമ്മിഷണർ എൻ.പി.മുരളി പറഞ്ഞു. അമൃതം പൊടി നിർമിക്കാൻ ഉപയോഗിച്ച നിലക്കടലയിലെ ഫംഗസിൽ നിന്നു വിഷ വസ്തു ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. അമൃതം പൊടിക്കായി ഉപയോഗിച്ച ധാന്യങ്ങളുടെ സാംപിളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കരളിനുണ്ടാകുന്ന അർബുദം ഉൾപ്പെടെയുള്ളവയ്ക്ക് അഫ്ലടോക്സിൻ കാരണമാകാറുണ്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിനു ഹാനികരമാകുന്ന വിഷ പദാർഥമാണു കണ്ടെത്തിയിട്ടുള്ളത് എന്നതിനാൽ നടപടികൾ കർശനമാക്കാനാണു ഭക്ഷ്യ സുരക്ഷാ വകുപ്പിനു ലഭിച്ചിരിക്കുന്ന നിർദേശം.
എടയ്ക്കാട്ടുവയൽ യൂണിറ്റിൽ നിർമിച്ച ബാച്ച് നമ്പർ 98ൽ ഉൾപ്പെട്ട അമൃതം പൊടി കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണു വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.അമൃതം പൊടിയുടെ റാൻഡം സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാറുണ്ടെങ്കിലും മുൻപു വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ലെന്നു കുടുംബശ്രീ അധികൃതർ പറഞ്ഞു. ആദ്യമായാണ് ഒരു ബാച്ചിൽ വിഷാംശം കണ്ടെത്തുന്നത്. സാംപിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. അമൃതം പൊടിയുടെ നിലവാരം ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നു കുടുംബശ്രീ മിഷൻ ജില്ല കോ ഓർഡിനേറ്റർ എസ്. രഞ്ജിനി പറഞ്ഞു.