ന്യൂഡൽഹി∙ അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. ഇതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും. കാൻസറിനെതിരായ നാലു മരുന്നുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവയുടെ വില കുറയും. ഇതിനു പുറമേ വിവിധ ആന്റിബയോട്ടിക്കുകളും വാക്സീനുകളും പ്രമേഹത്തിനെതിരായ മരുന്നുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പുതുക്കിയ പട്ടികയിൽ 384 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2015ൽ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതിനേക്കാൾ 8 മരുന്നുകൾ കൂടി പുതിയതായി ഉൾപ്പെടുത്തി. 2015ൽ പുറത്തിറക്കിയ പട്ടികയിൽ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്.
അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കോവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല. സാധാരണ മൂന്നു വർഷം കൂടുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പട്ടിക പ്രസിദ്ധീകരിക്കുക. കോവിഡ് കാരണമാണ് ഇത് നീണ്ടുപോയത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മരുന്നുകൾ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിശ്ചയിച്ച വിലപരിധിക്കു താഴെയാണ് വിൽക്കുന്നത്.