കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയർവേസ് പുനരാരംഭിച്ചു. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം കരിപ്പൂരിലെത്തുന്നത്. നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. ബാക്കി ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
രാത്രി 7.55നെത്തി രാത്രി 9.30ന് തിരിച്ചുപോകുന്ന രീതിയിലാണ് സര്‍വിസുകള്‍. എ-320, എ-321 വിമാനങ്ങളാണ് അബൂദബി -കോഴിക്കോട് സര്‍വിസിനായി ഉപയോഗിക്കുന്നത്. എ-320 വിമാനത്തില്‍ 158 പേര്‍ക്കും എ-321 വിമാനത്തില്‍ 196 പേര്‍ക്കും യാത്ര ചെയ്യാനാകും. ഇവ രണ്ടിലും എട്ട് ബിസിനസ് ക്ലാസുകളുമുണ്ട്. ഇത്തിഹാദ് സര്‍വിസ് ആരംഭിച്ചതോടെ കരിപ്പൂരില്‍നിന്ന് കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് കണക്ഷന്‍ ലഭിക്കും.
ആദ്യ വിമാനത്തിലെത്തിയ യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് മുഖ്യാതിഥിയായി.