ബ്രസൽസ്: പുതിയ യൂറോപ്യൻ പാർലമെൻറിനെ തിരഞ്ഞെടുക്കാൻ 20 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ തുടങ്ങിയ വോട്ടെടുപ്പിന് സമാപനം. വോട്ട് രേഖപ്പെടുത്താൻ യൂറോപ്പിലുടനീളം കഴിഞ്ഞ ദിവസങ്ങളിൽ പോളിങ് സ്റ്റേഷനുകൾ തുറന്നിരുന്നു. ഞായറാഴ്ചയായിരുന്നു അവസാന ദിവസം.
720 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 45 കോടിയാണ് വോട്ടർമാർ. യുക്രെയ്ൻ യുദ്ധം, കുടിയേറ്റം, കാലാവസ്ഥ നയം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമുണ്ടാകാനിരിക്കെ, നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. യൂറോപ്യൻ അനുകൂല പാർട്ടികൾ പാർലമെന്റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് സർവേ ഫലങ്ങൾ. എന്നാൽ, നെതർലൻഡ്സിലെ ഗീർട്ട് വൈൽഡേഴ്സ്, ഫ്രാൻസിലെ മറൈൻ ലെ പെന്നിനെ എന്നീ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷം ശക്തമായി രംഗത്തുണ്ട്. ഇവർക്ക് കൂടുതൽ സീറ്റ് ലഭിക്കുന്നത് നിയമം പാസാക്കുന്നതിനും തീരുമാനമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
2019ലെ അവസാന യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിന് ശേഷം ഹംഗറി, സ്ലൊവാക്യ, ഇറ്റലി രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ പാർട്ടികളാണ് അധികാരത്തിലേറിയത്. സ്വീഡൻ, ഫിൻലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ഇവർ ഭരണത്തിലുമുണ്ട്.