ദില്ലി : നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടും അറസ്റ്റില്‍ മൗനം തുടര്‍ന്ന് പോലീസ്. വാക്കാലുള്ള കടുത്ത വിമര്‍ശനം കോടതി ഉത്തരവില്‍ രേഖപ്പെടുത്താത്തതിലെ പഴുതാണ് പോലീസ് ആയുധമാക്കുന്നത്. അറസ്റ്റ് വൈകുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്തു.
ഉദയ് പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപുര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നുപുറിന് പരവതാനി വിരിച്ചു കാണുമെന്ന പരിഹാസം പോലീസിന് നേരെ ഉന്നയിച്ച കോടതി അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനത്തിന് തെളിവാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളല്ലാം വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ദില്ലിക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മ്മയുടെ അപേക്ഷ തള്ളിയുള്ള ഉത്തരവില്‍ കോടതി ഒഴിവാക്കിയിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച് ഉത്തരവാകുന്നുവെന്നും, നിയമത്തില്‍ സാധ്യമായ മറ്റ് വഴികള്‍ തേടാവുന്നതാണെന്നും മാത്രമാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ പഴുതിലാണ് പോലീസിന്‍റെ മെല്ലെപ്പോക്ക്.
നുപുര്‍ ശര്‍മ്മയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ് പറയുന്നതല്ലാതെ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ 18നും മൊഴിയെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കേസുകളില്‍ ഹാജരാകണമെന്ന നോട്ടീസുകള്‍ക്ക് ജീവന് ഭീഷണിയുള്ളതിനാല്‍ സഞ്ചരിക്കാനാവില്ലെന്ന മറുപടി നുപുര്‍ നല്‍കിയിരിക്കുകയുമാണ്.നേരത്തെ ഗുജറാത്ത് കലാപ കേസില്‍ സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി ടീസ്ത സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഉത്തരവിലും രേഖപ്പെടുത്തിയിരുന്നു.
ഇത് ആയുധമാക്കിയാണ് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പോലീസ് ശരവേഗത്തില്‍ കടന്നത്. ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റും നുപുര്‍ ശര്‍മ്മയുടെ അറസ്റ്റിലെ മെല്ലപ്പോക്കും ഉന്നയിച്ചാണ് പ്രതിപക്ഷം കേന്ദ്രത്തിെനെതിരെ നിലപാട് കടുപ്പിക്കുന്നത്. പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപകേസില്‍ നടപടികള്‍ പെട്ടെന്നെടുത്ത സര്‍ക്കാര്‍ മടിച്ച് നില്‍ക്കുന്നതെന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.