തിരുപ്പൂർ: മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡി.എം.കെ സർക്കാറിനെ വിമർശിച്ച് എ.ഐ.ഡി.എം.കെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി.
ഡി.എം.കെ. ഭരിക്കുന്ന ഓരോ ദിവസവും നാട് കൊലപാതകങ്ങളുടെ നാടായി മാറുന്നു. ലഹരിയുടെ തലസ്ഥാമനായി തമിഴ്നാട് മാറുന്നു. മുഖ്യമന്ത്രി മുഴുവൻ ശ്രദ്ധയും പരസ്യങ്ങളിൽ നൽകുകയാണ്. ഇത് ലജ്ജാകരമാണെന്നും പളനി സ്വാമി പറഞ്ഞു.
പൊലീസ് വകുപ്പ് കൈയിൽ ഉണ്ടായിട്ടും ജനങ്ങളെ സംരക്ഷിക്കാൻ അറിയാത്ത പാവയായ മുഖ്യമന്ത്രിയെ അപലപിക്കുന്നു. ക്രമസമാധാനം പാലിക്കാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് അപേക്ഷിക്കുന്നതായും പളനി സ്വാമി സമൂഹമാധ്യമമായ എക്സിലൂടെ പറഞ്ഞു.