ശരീരത്തില്‍ ജലാംശം കുറവായാല്‍ അത് എത്രമാത്രം ദോഷമാണ് ആരോഗ്യത്തിനുണ്ടാക്കുകയെന്നത് ആരും പറയാതെ തന്നെ ഏവര്‍ക്കുമറിയാവുന്നതാണ്. അത്രയും പ്രധാനമാണ് നമുക്ക് വെള്ളം. മനുഷ്യന് മാത്രമല്ല- ഏത് ജീവജാലങ്ങള്‍ക്കും നിലനില്‍പിനായി ഏറ്റവും അടിസ്ഥാനപരമായി വേണ്ടതാണ് വെള്ളം.
ദിവസവും നമ്മള്‍ ശരാശരി എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന നിര്‍ദേശമാണല്ലോ എപ്പോഴും നമുക്ക് വിവിധയിടങ്ങളില്‍ നിന്നുമായി കിട്ടാറ്. ഇതില്‍ ശരികേടൊന്നുമില്ല. എന്നാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി സൂക്ഷ്മത നമുക്ക് പുലര്‍ത്താം, എങ്ങനെയെന്നല്ലേ? പറയാം.
ഓരോരുത്തരും ദിവസവും വെള്ളം കുടിക്കേണ്ടത് അവരവരുടെ പ്രായത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്. പ്രായം മാത്രമല്ല, സത്യത്തില്‍ ആരോഗ്യാവസ്ഥയും കാലാവസ്ഥയുമെല്ലാം ഇതില്‍ ഘടകമായി വരുന്നവ തന്നെയാണ്. എങ്കിലും തല്‍ക്കാലം പ്രായത്തെ അടിസ്ഥാനപ്പെടുത്തി എങ്ങനെ കുടിക്കേണ്ട വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കാമെന്ന് നോക്കാം.
ചെറിയ കുട്ടികള്‍..
നാല് വയസിനും എട്ട് വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണെങ്കില്‍ അഞ്ച് ഗ്ലാസ്- അല്ലെങ്കില്‍ 1,200 മില്ലി ലിറ്റര്‍ വെള്ളമാണ് ദിവസത്തില്‍ കുടിക്കേണ്ടത്.
കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍
കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ എന്ന് പറയുമ്പോള്‍ 9-13 വയസിന് ഇടയ്ക്ക് പ്രായം വരുന്നവര്‍. ഇവര്‍ ദിവസത്തില്‍ 7-8 ഗ്ലാസ് വെള്ളം അല്ലെങ്കില്‍ 1,600- 1,900 മില്ലി ലിറ്റര്‍ വെള്ളമാണ് കുടിക്കേണ്ടത്.
കൗമാരക്കാര്‍…
പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ 8-11 ഗ്ലാസ് വെള്ളം, അല്ലെങ്കില്‍ 1,900- 2,600 മില്ലി ലിറ്റര്‍ വെള്ളമാണ് ദിവസത്തില്‍ കുടിക്കേണ്ടത്.
മുതിര്‍ന്നവര്‍…
പതിനെട്ട് വയസിന് മുകളിലുള്ളവര്‍, ശരിയായി പറയുകയാണെങ്കില്‍ 19നും 64നും ഇടയ്ക്ക് പ്രായമുള്ളവരാണെങ്കില്‍ 8-11 ഗ്ലാസ് വെള്ളം അല്ലെങ്കില്‍ 2,000- 3,000 മില്ലി ലിറ്റര്‍ വെള്ളമാണ് ദിവസവും കുടിക്കേണ്ടത്. ഈ പ്രായക്കാരുടെ ശരീരഭാരം, കായികാധ്വാനം, കാലാവസ്ഥ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി വെള്ളത്തിന്‍റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
പ്രായമായവര്‍…
64 വയസിന് മുകളിലുള്ളവരാണെങ്കിലും 8-11 ഗ്ലാസ് – അല്ലെങ്കില്‍ 2,000- 3,000 മില്ലി ലിറ്റര്‍ വെള്ളമാണ് ദിവസത്തില്‍ കുടിക്കേണ്ടത്. വാര്‍ധക്യത്തില്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയാൻ പാടില്ല. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും പെട്ടെന്ന് നയിക്കാം.