ഇടുക്കി : ഗവ.എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ ധീരജിനെ കുത്തിയ കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കൂടുതൽ പേരുടെ അറസ്റ്റുണ്ടായേക്കുമെന്നു പോലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ധീരജിനെ കുത്തിക്കാലപ്പെടുത്തിയതു രാഷ്ട്രീയ വിരോധത്തെ തുടർന്നാണെന്നാണു പോലീസ് എഫ്ഐആർ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പീടികത്തറയിൽ നിഖിൽ പൈലി (29), ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാൽ ജെറിൽ ജോജോ (22) എന്നിവരെ ചോദ്യം ചെയ്യുകയാണ്. ഇടുക്കി എൻജിനീയറിങ് കോളജ് കെഎസ്‍യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ (21) അടക്കം 2 പേർ കസ്റ്റഡിയിലുണ്ട്.
ധീരജിനു ബുധനാഴ്ച പുലർച്ചെ നാട് കണ്ണീരോടെ വിട നൽകി. ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇടുക്കിയിൽനിന്നു 380 കിലോമീറ്റർ പിന്നിട്ട് രാത്രി വൈകിയാണു തളിപ്പറമ്പിലെ വീട്ടിലെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേർന്നു സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്. ധീരജിന്റെ സഹോദരൻ അദ്വൈത് പുലർച്ചെ രണ്ടോടെ ചിതയ്ക്കു തീ കൊളുത്തി.