ദില്ലി: ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ് പാണ്ഡെ. ഇന്ത്യൻ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണ്. അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാൻ സൈന്യം ജാഗ്രതയോടെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിൽ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച് വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങൾ ഉണ്ട്. അത്തരം ഒരു നീക്കവും സൈന്യം വച്ച് പൊറുപ്പിക്കില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുന:സ്ഥാപിച്ചത്. ചരിത്രത്തിലാദ്യമായി കരസേനാദിനം ദില്ലിക്ക് പുറത്ത് ആഘോഷിക്കാൻ തീരുമാനിച്ചത് വിവിധ ജന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണെന്നും ഇത് കരസേനയ്ക്ക് സുവർണവസരമാണെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
എഴുപത്തി അഞ്ചാമത് കരസേനാ ദിനാഘോഷ പരിപാടികൾ ബെംഗളൂരുവിൽ തുടരുകയാണ്. ഈ പരിപാടിയിലാണ് കരസേനാ മേധാവി പ്രസംഗിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.