ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ബിജെപിക്കു തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാം ആണു ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. നേരത്തേ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. ഖിമിയെ ഹിമാചലിന്റെ ചുമതലയുള്ള എഐസിസി അംഗം രാജീവ് ശുക്ല പാർട്ടിയിലേക്കു സ്വാഗതം ചെയ്തു.
‘ബിജെപിയോട് ഏതെങ്കിലും തരത്തിലുള്ള ദേഷ്യം കാരണമല്ല ഞാൻ കോൺഗ്രസിൽ ചേരുന്നത്. ഹിമാചൽ പ്രദേശിനെ മുന്നോട്ടു നയിക്കാൻ കോൺഗ്രസിനു സാധിക്കുമെന്ന ഗഹനമായ ചിന്തയ്ക്കു ശേഷമാണു തീരുമാനം’– ഖിമി റാം പറഞ്ഞു. അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കി സംസ്ഥാനത്തു സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.