ഡെഹ്റാഡൂൺ: അങ്കിത ഭണ്ഡാരി വധക്കേസിൽ ഒന്നാം പ്രതിയായ പുൽകിത് ആര്യ നിരപരാധിയാണെന്ന് ഉത്തരാഖണ്ഡിലെ മുൻ ബിജെപി നേതാവും പുൽകിതിന്റെ പിതാവുമായ വിനോദ് ആര്യയുടെ പ്രതികരണം. പുൽകിതിനും അങ്കിതയ്ക്കും നീതി ലഭ്യമാക്കണമെന്നും വിനോദ് ആര്യ ആവശ്യപ്പെട്ടു. പുൽകിത് ഒരു സാധാരണ ചെറുപ്പക്കാരനാണ്. അവൻ അവന്റെ ജോലിയെക്കുറിച്ച് മാത്രമേ ആശങ്കപ്പെടാറുള്ളു. ഇത്തരം കാര്യങ്ങളിലൊന്നും അവൻ ഉൾപ്പെടില്ല. പുൽകിതിനും കൊല്ലപ്പെട്ട അങ്കിതയ്ക്കും നീതി ലഭിക്കണം. വിനോദ് ആര്യ പറഞ്ഞു. കുറേക്കാലമായി പുൽകിത് കുടുംബത്തിനൊപ്പമല്ല താമസിച്ചിരുന്നതെന്നും വിനോദ് ആര്യ പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തിൽ വിനോദ് ആര്യയെയും പുൽകിതിന്റെ സഹോദരനായ അങ്കിത് ആര്യയെയും ബിജെപി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം, താൻ പാർട്ടിയിൽ നിന്ന് രാജിവെച്ചതാണെന്നാണ് വിനോദ് ആര്യ പറയുന്നത്. കേസിൽ നിഷ്പക്ഷ അന്വേഷമം നടക്കണമെന്നതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറയുന്നു. പുൽകിത് നിരപരാധിയാണ്, എന്നിട്ടും ഞാൻ ബിജെപിയിൽ നിന്ന് രാജിവച്ചത് ശരിയായ രീതിയിൽ നിഷ്പക്ഷമായ അന്വേഷണം കേസിൽ നടക്കണമെന്നതിനാലാണ്. എന്റെ മകൻ അങ്കിതും പാർട്ടിയിൽ നിന്ന് രാജിവച്ചു. വിനോദ് ആര്യ പറയുന്നു.
പുൽകിത് ആര്യയുടെ ഉടമസ്ഥതയിൽ ഉത്തരാഖണ്ഡിലുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി. പുൽകിതിന്റെയും സുഹൃത്തുക്കളുടെയും ലൈംഗികതാല്പര്യത്തിന് അങ്കിത തയ്യാറാവാഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. റിസോർട്ടിലെത്തുന്ന വിവിഐപികൾക്കായി പ്രത്യേക സേവനം ചെയ്യാൻ തയ്യാറാകണമെന്നും പുൽകിത് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ ചൊല്ലിയുള്ള വാക്കുതർക്കത്തെത്തുടർന്ന് പുൽകിതും രണ്ട് സുഹൃത്തുക്കളും അങ്കിതയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അങ്കിതയെ പ്രതികൾ അനാശാസ്യത്തിനായി സമ്മർദ്ദത്തിലാക്കിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സുഹൃത്തുക്കളുമായി അങ്കിത നടത്തിയ വാട്സാപ്പ് ചാറ്റുകളും ഓഡിയോ സന്ദേശവുമാണ് ഇതിന് തെളിവായി പൊലീസ് പറയുന്നത്.