ദില്ലി: വാളയാര്‍ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജന്‍റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പരാമർശം ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാൽ നിരീക്ഷിച്ചു. എം ജെ സോജന്‍ അറിഞ്ഞുകൊണ്ട് നടത്തിയ പരാമര്‍ശമെങ്കില്‍ ഗുരുതര കുറ്റമാണ്. അപകീർത്തികരമായ പരാമർശം പ്രക്ഷേപണം ചെയ്ത വാർത്താ ചാനലും ചെയ്തത് തെറ്റാണ്. എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാർത്ത ഇപ്പോഴും ഇന്റർനെറ്റിൽ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു.
കേസിൽ സംസ്ഥാന സർക്കാരിന്റെ മറുപടി തേടിയ കോടതി എം ജെ സോജനും സർക്കാരിനും നോട്ടീസ് അയച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികൾക്കെതിരായ പരാമർശത്തിൽ സോജനെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയാണ് സുപ്രീംകോടതിയിൽ എത്തിയത്. 24 ന്യൂസ് ചാനലാണ് സോജന്റെ പരാമർശം നൽകിയത്. ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും, പെൺകുട്ടികളുടെ അമ്മയ്ക്കായി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ എം എഫ് ഫിലിപ്പ്, പൂർണ്ണിമ കൃഷ്ണ എന്നിവർ ഹാജരായി.