ദില്ലി: പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധത്തെ തുടര്‍ന്ന് 20 മിനിറ്റോളം കുടുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് കൊവിന്ദിന് കത്തെഴുതി. പ്രധാനമന്ത്രിയുടെ യാത്രക്കിടെ പ്രക്ഷോഭകര്‍ റോഡ് തടഞ്ഞത് സുരക്ഷാ പ്രശ്‌നം മാത്രമല്ലെന്നും രാജ്യത്തിന് നാണക്കേടാണെന്നും കത്തില്‍ ആരോപിച്ചു. പ്രക്ഷോഭകരും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരെയുള്ള നീക്കമെന്നും കത്തില്‍ ആരോപിച്ചു. സംഭവം ഗുരുതരമാണെന്നും ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമുണ്ടായ തിരിച്ചടി മറികടക്കാന്‍ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചാബ് മുന്‍ ഡിജിപി പി.സി. ദോഗ്ര, മഹാരാഷ്ട്ര മുന്‍ ഡിജിപി പ്രവീണ്‍ ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലാണ് മുന്‍ ഉദ്യോഗസ്ഥര്‍ കത്തെഴുതിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി.
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു.