തൊഴില്‍ മേഖലയിലെ മികവിന് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും നവംബറിലായിരിക്കും പുരസ്‌കാര വിതരണം സംഘടിപ്പിക്കുക. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാറാണ് രാജ്യം പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. തൊഴില്‍മേഖലയില്‍ മികവ് പുലര്‍ത്തുന്ന കമ്പനികള്‍, തൊഴിലാളികള്‍, ബിസിനസ് സേവനപങ്കാളികള്‍ എന്നിവര്‍ക്കാണ് മന്ത്രാലയം അവാര്‍ഡ് നല്‍കുക.
രാജ്യത്തേക്ക് കൂടുതല്‍ പ്രതിഭകളെയും ബിസിനസുകളും ആകര്‍ഷിക്കുക, ഉയര്‍ന്ന തൊഴില്‍ സമ്പ്രദായങ്ങള്‍ പിന്തുടരാന്‍ കമ്പനികളെയും തൊഴിലാളികളേയും പ്രോത്സാഹിപ്പിക്കുക, തൊഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്തുക,തുടങ്ങിയവയാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള അപേക്ഷകള്‍ ജൂണ്‍ ഒന്നിന് സ്വീകരിച്ചുതുടങ്ങും. അടുത്ത മാസം മുതല്‍ ഓഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം.പുരസ്‌കാരങ്ങള്‍ നവംബറില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.