ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് കോടതി തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും തീയറ്ററുകള്‍ ടിക്കറ്റ് നിരക്കിന്‍റെ പേരില്‍ കൊള്ള നടത്തുന്നു എന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഇത്തരത്തില്‍ ഈടാക്കിയ തുക തിരിച്ചുപിടിക്കുകയും വേണമെന്നും തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
നേരത്തെ തന്നെ തമിഴ്നാട്ടിലെ തീയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് കോടതി വിധി നിലവിലുണ്ട്. ഇത് പ്രകാരം സാധാരണ തിയേറ്ററുകളിലെ പരമാവധി നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളിൽ 480 രൂപയായും നിശ്ചയിച്ചിരുന്നു. എന്നാല്‍ വലിയ ചിത്രങ്ങള്‍ എത്തുമ്പോള്‍ ഈ നിയമം തീയറ്ററുകാര്‍ കാറ്റിപറത്തുകയാണ് എന്നാണ് ഹര്‍ജിക്കാരന്‍ ബാധിച്ചത്. എന്നാല്‍ അമിത നിരക്ക് ഈടാക്കുന്ന തീയറ്ററുകള്‍ക്കെതിരെ നടപടി ശക്തമാക്കിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാലും കര്‍ശനമായ നടപടി സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ബാധിച്ചു. സാധാരണ 1000 രൂപ മാത്രമാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുന്നത് എന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടർന്നാണ് അമിതമായി ഈടാക്കിയ പണം തിയേറ്ററുകളില്‍ നിന്നും ഈടാക്കണമെന്ന് ജസ്റ്റിസ് അനിത സുമന്ത് വിധിച്ചത്.