ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്‍റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.
20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബാങ്കിന്‍റെ വിശദീകരണം.
2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും സെപ്തംബർ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും 2,000 രൂപ മെയ് 23 മുതൽ എടുക്കാൻ തുടങ്ങും.