കോഴിക്കോട് : ന്യൂജൻ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാളെ എക്സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി അംശം ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസ്.കെ (49) എന്നയാളെയാണ് എക്സൈസ് സംഘം മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടി മാവൂർ റോഡ് അരയിടത്തുപാലം ഓവറിന് സമീത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.
ഷാനവാസിൽ നിന്നും 4.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ എക്സൈസ് വലയിലാക്കിയത്. ബെംഗളൂരുവിൽ നിന്നും എം.ഡി.എം.എ. വാങ്ങി ചില്ലറ വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ എക്സൈസ് കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മുറിയെടുത്ത് ചില്ലറ വില്പന നടത്തി വരുകയായായിരുന്നു ഷാനവാസെന്നും എക്സൈസ് പറയുന്നു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അരലക്ഷത്തോളം രൂപ വരും. പ്രതിയെ കോഴിക്കോട് ജെ.എഫ്.സി.എം (3) കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. എൻ.ഡി.പി.എസ്. മീഡിയം ക്വാണ്ടിറ്റി ഗണത്തിൽ പെടുന്ന 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്സൈസ് പരിശോധനയില്‍ കോഴിക്കോട് പ്രിവന്റീവ് ഓഫീസർ അനിൽദത്ത് കുമാർ, എം. സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷിത്ത് കുമാർ ടി.വി, യോഗേഷ് ചന്ദ്ര എൻ.കെ, ദിലീപ് കുമാർ.ഡി.എസ്. ഷാജു സി പി. സതീഷ് പി.കെ. റെജീൻ.എം.ഒ, എസ് ഡ്രൈവർ ബിബിനീഷ് എന്നിവരും പങ്കെടുത്തു.