ന്യൂഡൽഹി : ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിനു മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ല.
കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതിനു മുൻപ് 2021ൽ എക്സൈസ് നികുതി കുറച്ചപ്പോൾ കേന്ദ്ര സർക്കാരിന് 1,20,000 കോടിയുടെ നഷ്ടമുണ്ടായി. ഇതോടൊപ്പം ഈ വർഷം എക്സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,20,000 കോടി രൂപ കേന്ദ്രത്തിന് നഷ്ടമായെന്നും നിർമല സീതാരാമൻ പറഞ്ഞു.
‘2014-22 ആർബിഐ കണക്കുപ്രകാരം രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണ്. എന്നാൽ 2004-14 കാലയളവിൽ വികസനത്തിനായി നീക്കിവച്ച തുക 49.2 കോടി മാത്രമായിരുന്നു.’- നിർമല കൂട്ടിച്ചേർത്തു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറയും. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മറ്റു ചില നിർണായക പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.