തിരുവനന്തപുരം: മദ്യവിൽപന ശാലകളിൽ എക്സൈസ് പരിശോധന. വില കുറഞ്ഞ മദ്യമുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ല എന്ന പരാതിയിലാണ് പരിശോധന. ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തു വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിട്ടതോടെ പലയിടത്തും ഔട്ട്ലറ്റുകൾ കാലിയായി. മദ്യത്തിനായി എത്തുന്നവരും ജീവനക്കാരും തമ്മിൽ പലയിടങ്ങളിലും വാക്കേറ്റം ഉണ്ടായി. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ മാനേജ്മെന്റിന്റെ തെറ്റായ നടപടികളാണു പ്രതിസന്ധിക്കിടയാക്കിയതെന്ന് ജീവനക്കാർ ആരോപണമുന്നയിച്ചിരുന്നു. കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം വേഗത്തിൽ വിൽക്കുമെന്ന പ്രഖ്യാപനവും എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി നൽകണമെന്ന നിർദേശവും കമ്പനികളുടെ എതിർപ്പിനിടയാക്കി. കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അവർ പറയുന്നു.സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.