കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും മദ്യം നിറക്കാൻ കൊണ്ടു വന്ന 7500 ലധികം കുപ്പികളും പിടികൂടി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ നിന്നും 35 ലിറ്റർ വ്യാജമദ്യവുമായി പൂപ്പാറ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരനടക്കും നാലു പേരെ ശാന്തൻപാറ പൊലീസ് പിടികൂടിയിരുന്നു.
പിടിയിലായവരില്‍ കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബിനുവിൻറെ വീട്ടിൽ നിന്നാണ് വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പിടികൂടിയത്. ബിനുവിൻറെ തള്ളക്കാനത്തുള്ള തറവാട്ട് വീട്ടിലാണ് ഡസ്റ്റിലറി പ്രവർത്തിച്ചിരുന്നത്. പുലർച്ചെ എക്സൈസ് ഇവിടെ നടത്തിയ പരിശോധനയിൽ 35 ലിറ്ററിൻറെ രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തി. 150 മില്ലി സ്പിരിറ്റും 100 മില്ലി സ്പിരിറ്റിൽ ചേർക്കാനുള്ള കളറും കണ്ടെടുത്തു.
ഇവിടെ നിന്നും 2940 കുപ്പികളും വ്യാജസ്റ്റിക്കർ പതിച്ച 180 കുപ്പികളും കണ്ടെത്തി. സർക്കാരിൻറെ 760 വ്യാജ ഹോളോ ഗ്രാമുകളും പിടികൂടി. ഇതോടൊപ്പം എക്സൈസ് ഇൻറലിജൻസ് വിഭാഗം ഉച്ചയോടെ ബിനുവിൻറെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 4508 കുപ്പികളും മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന 800 സ്റ്റിക്കറുകളും 12 ഹോളോഗ്രാമുകളും കണ്ടെടുത്തു.
ഇയാൾ എവിടെ നിന്നാണ് വ്യാജമദ്യ നിർമ്മാണത്തിനായി സ്പിരിറ്റ് എത്തിച്ചതെന്നും എവിടൊക്കെയാണ് വിൽപ്പന നടത്തിയതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യക്കച്ചവടത്തിന് കൂട്ടു നിന്നവരെയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ബിനു മാത്യു ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.