തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ഒരു വർഷം മുൻപ് പ്രഖ്യാപിച്ചതാണ് ദേശീയ പണിമുടക്കെന്നും ടൂറിസം മേഖലയിൽ ഉൾപ്പടെ സമരത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണെന്നും തൊഴിലാളിയ യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപനും സി ജയൻബാബുവും പറഞ്ഞു.
രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തിനുശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന തീയേറ്റർ വ്യവസായത്തിന് ഇതു തിരിച്ചടിയാവുമെന്നും ഫിയോക് ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ പണിമുടക്കിൽ നിന്നും സിനിമ മേഖലയെ ഒഴിവാക്കണമെന്നും ഷൂട്ടിംഗ് നടത്താൻ അനുമതി തരണമെന്നും മറ്റു ചലച്ചിത്ര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.