കുവൈത്ത് സിറ്റി: വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ മഹ്‍ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.
മദ്യം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 23 ബക്കറ്റ് അസംസ്കൃത വസ്‍തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 64 ബോട്ടില്‍ മദ്യവും റെയ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ബാരലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളും ഇവിടെയുണ്ടായിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രവാസിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അറസ്റ്റിലായ പ്രവാസി ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.