കാസർകോട്: പ്രവാസി അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ കൂടി വിദേശത്തേക്ക് കടന്നു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ നാല് പേരാണ് വിദേശത്തേക്ക് കടന്നത്. ഇതോടെ കേസിൽ ഇതുവരെ വിദേശത്തേക്ക് പോയവരുടെ എണ്ണം ആറായി. ഷുഹൈബ്, അസ്ഫാന്‍, അസര്‍ അലി, അമ്രാസ് എന്നിവരാണ് യു എ ഇയിലേക്ക് കടന്നത്. നേരത്തെ റയീസ്, ഷാഫി എന്നിവർ യു എ ഇ യിലേക്ക് കടന്നിരുന്നു. കൊലപാതകം നടന്നിട്ട് 18 ദിവസം കഴിഞ്ഞെങ്കിലും ക്വട്ടേഷൻ സംഘത്തിലെ ഒരാളെപ്പോലും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ജൂൺ 27 ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് പിടിയിലായത്. എന്നാൽ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിലാണ് ക്വട്ടേഷൻ സംഘത്തിലെ ആറ് പേർ രാജ്യം വിട്ടത്. ആറ് പേരും യുഎഇയിലേക്കാണ് കടന്നത്. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.