കോട്ടയം: ഗൾഫിൽ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വിവാഹിതനായ ജയകുമാർ കഴിഞ്ഞ നാല് വർഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്. എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും എൻആർഐ സെല്ലിൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
വിവാഹം കഴിച്ച ഭാര്യയ്ക്കൊപ്പമാണ് ജയകുമാർ താമസിച്ചിരുന്നത്. ഇവർ ഗർഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വർഷം മുൻപ് ജയകുമാറിനെ കാണാതായി. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് അന്വേഷിച്ചു. ആ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം പുറത്ത് വന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജയകുമാർ സഫിയക്കൊപ്പം ജീവിക്കുന്നതെന്നും വ്യക്തമായിരുന്നു.