ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവിനെ രാജസ്ഥാൻ പൊലീസ് കരുതൽ തടങ്കലിൽവെച്ചു. ന്യൂനപക്ഷ മോർച്ച ബിക്കാനീർ ജില്ല പ്രസിഡന്റ് ഉസ്മാൻ ഖനിയെയാണ് പൊലീസിന്റെ വാഹന പരിശോധനക്കെതിരെ പ്രതികരിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് അഡീഷനൽ ജില്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു.
ഖനി ഓടിച്ചിരുന്ന വാഹനം ചെക് പോയന്റിൽ പൊലീസ് തടഞ്ഞപ്പോൾ പരിശോധന തടസ്സപ്പെടുത്തിയതിനാണ് കസ്റ്റഡിലെടുത്തതെന്ന് ബിക്കാനീർ പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. മുക്തപ്രസാദ് നഗർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിനുപുറമെ, സംസ്ഥാനത്തെ 25 മണ്ഡലങ്ങളിൽ മൂന്നോ നാലോ സീറ്റുകൾ പാർട്ടിക്ക് നഷ്ടപ്പെടുമെന്നും ഖനി അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ബി.ജെ.പിയിൽനിന്ന് പുറത്താക്കിയത്.