കറാച്ചി: പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സ്വാതിലെ തീവ്രവാദ വിരുദ്ധ വകുപ്പിന് കീഴിലുള്ള പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്. 40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കബലിലുള്ള പൊലീസ് സ്റ്റേഷനില്‍ രാത്രി 8.20ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷന്‍ കെട്ടിടത്തിനുള്ളിലുണ്ടായ രണ്ട് പൊട്ടിത്തെറികള്‍ പൊലീസ് സ്റ്റേഷനെ പൂര്‍ണമായി തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ സ്വാത് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പൊട്ടിത്തെറി ചാവേര്‍ ആക്രമണമല്ലെന്നാണ് തീവ്രവാദ വിരുദ്ധ വകുപ്പ് വിഭാഗം ഡിഐജി ഖാലിദ് സൊഹെയ്ല്‍ വിശദമാക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ് സ്റ്റേഷനെതിരെ വെടിവയ്പോ ആക്രമണമോ ഉണ്ടായിട്ടില്ലെന്നും ഖാലിദ് സൊഹെയ്ല്‍ വ്യക്തമാക്കി. പൊട്ടിത്തെറിക്ക് കാരണമായതെന്താണെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് നിര്‍വീര്യമാക്കുന്ന സേന സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും തീവ്രവാദ വിരുദ്ധ വകുപ്പ് വിഭാഗം ഡിഐജി കൂട്ടിച്ചേര്‍ത്തു.
പഴയ കെട്ടിടമാണ് പൊട്ടിത്തെറിയില്‍ തകര്‍ന്നതെന്നും അദ്ദേഹം വിശദമാക്കി. പൊട്ടിത്തെറിക്ക് പിന്നാലെ മേഖലയില്‍ വെദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അതേസമയം സ്വാതിലെ ആശുപത്രികളില്‍ സ്റ്റേറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.