കൊൽക്കത്ത: ബംഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് പറയുന്നു.
മഹേഷ്‌തലയിലെ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവർ വീട്ടുടമയുടെ ഭാര്യയും മകനും അയൽവാസിയുമാണെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 6 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് ഫയർ ഫോഴ്സ്സം യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകുവോളം തീപിടിത്തം തുടർന്നുവെന്ന് അയൽക്കാർ പറയുന്നു.
സാമ്പിളുകൾ ശേഖരിക്കാനും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഫോറൻസിക് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിക്കും. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. ജനവാസകേന്ദ്രത്തിൽ യൂണിറ്റ് പ്രവർത്തിക്കാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്ന് മന്ത്രി സുജിത് ബോസ് പറഞ്ഞു. സംഭവത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.