ദില്ലി: ജമ്മു കശ്മീർ റെയിൽവേ സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. സ്ഫോടക വസ്തുക്കളും 18 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തതെന്ന് ജിആർപി എസ്എസ്പി ആരിഫ് റിഷു പറഞ്ഞു.
വ്യാഴാഴ്ചയാണ് സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് കണ്ടെത്തിയത്. സ്റ്റേഷനിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ബാഗ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജമ്മു റെയിൽവേ സ്റ്റേഷനിലെ ടാക്സി സ്റ്റാൻഡിന് സമീപത്തുനിന്ന് ബാഗ് കണ്ടെടുത്തെന്നും രണ്ട് പെട്ടികളിലായി പൊതിഞ്ഞ നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
18 ഡിറ്റണേറ്ററുകളും കുറച്ച് വയറുകളുമാണ് കണ്ടെടുത്തത്. ഏകദേശം 500 ഗ്രാം മെഴുക് തരത്തിലുള്ള വസ്തുക്കളാണ് ബോക്സിൽ ഉണ്ടായിരുന്നതെന്നും ആരിഫ് റിഷു മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ, റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.