വളാഞ്ചേരി > വളാഞ്ചേരിയിൽ പാറപൊട്ടിക്കാൻ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പൊലീസ് പിടികൂടി. നടുവട്ടം സ്വദേശി സ്വാമിദാസന്റെ വീട്ടിൽനിന്നാണ് മാരകപ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. വളാഞ്ചേരിക്കടുത്ത് എടയൂർ, വടക്കുംപുറം എന്നിവിടങ്ങളിൽ അനധികൃത ക്വാറി പ്രവർത്തിക്കുന്നതായുള്ള പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലും തുടരന്വേഷണത്തിലുമാണ് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസമാണ് ക്വാറികളിൽ പൊലീസ് പരിശോധന നടത്തിയത്.
ക്വാറി ജീവനക്കാരായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നിവരെ സ്‌ഫോടക വസ്തുക്കൾ സഹിതം പിടികൂടി. ചോദ്യംചെയ്യലിൽ നടുവട്ടം സ്വദേശി സ്വാമിദാസനാണ് സ്‌ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയതെന്ന് മനസ്സിലായി. പൊലീസ് ആവശ്യക്കാരെന്ന വ്യാജേന സ്വാമിദാസനെ ബന്ധപ്പെടുകയായിരുന്നു. സ്‌ഫോടക വസ്തുക്കളുമായെത്തിയ സ്വാമിദാസനെ കൊടുമുടിയിൽനിന്ന് പിടികൂടുകയുംചെയ്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1820 മീറ്റർ സേഫ്റ്റി ഫ്യൂസ്, 1125 ജലാറ്റിൻ സ്റ്റിക്കുകൾ, 3340 ഇലക്ട്രിക് ഡിറ്റനേറ്റർ, 4000 ഓർഡിനറി ഡിറ്റനേറ്റർ എന്നിവ പിടികൂടി. വീട്ടിൽ അടുക്കളയോട് ചേർന്നാണ് ലൈസൻസ് ഇല്ലാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നത്.
വളാഞ്ചേരി എസ്എച്ച്ഒ സുനിൽദാസ് പരിശോധനക്ക് നേതൃത്വം നൽകി. എസ്‌ഐമാരായ ബിന്ദുലാൽ, ഹംസ, സിപിഒമാരായ ഗിരീഷ്, ദീപു, എസ്‌സിപിഒ ദീപക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.