ദുബായ് : എക്‌സ്‌പോ ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി 83 ദിവസത്തിനകമാണ് ഇത്രയധികം പേര്‍ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാന്‍ ഡിസംബര്‍ 22-വരെ എത്തിയവരുടെ എണ്ണം 6,04,582 ആണ്. ഇതോടെ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തിയ പവിലിയനുകളില്‍ ഒന്നായി ഇന്ത്യയുടേത് മാറുകയാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും ബിസിനസ് സാധ്യതകളുമാണ് ഇതിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. ബിസിനസ് സംരംഭ സാധ്യതകള്‍ തുറന്നിടുന്നതിലൂടെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്നു. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകരുടെ വരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ‘മോസ്റ്റ് ഐക്കണിക് പവിലിയന്‍’ അംഗീകാരം ഇന്ത്യന്‍ പവിലിയന് ലഭിച്ചിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണനല്‍കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘എലിവേറ്റ്’ ഇന്ത്യന്‍ പവിലിയന്റെ പ്രത്യേകതയാണ്. ആഗോള നിക്ഷേപക സമൂഹത്തിന് ഇന്ത്യന്‍ സംരംഭകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ വേദി അവസരമൊരുക്കുന്നു. ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാകും ബിസിനസ് സാധ്യതകള്‍ എലിവേറ്റിലൂടെ പങ്കുവെച്ചിരുന്നു. കേരളം, ഗോവ, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എലിവേറ്റിലൂടെ പരിചപ്പെടുത്താനിരിക്കുകയാണ്. വിവിധ കലാസാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ ഇന്ത്യന്‍ പവിലിയനില്‍ നടന്നുവരുന്നു.