ദില്ലി: മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാർ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങളെ എങ്ങനെ തടയാനാകുമെന്നും ജയ്ശങ്കര്‍ ചോദിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം നേരിടുന്നതിൽ 2014 മുതൽ കേന്ദ്ര സർക്കാർ നയം മാറ്റം കൊണ്ടുവന്നു.
ഭീകരർ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോൾ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകും എന്നും എസ് ജയ്ശങ്കർ കൂട്ടിച്ചേര്‍ത്തു. ഒരു നിയമവും അനുസരിച്ചല്ല തീവ്രവാദികൾ കളിക്കുന്നത്. ഭീകരവാദികൾക്കുള്ള ഉത്തരത്തിനും നിയമങ്ങളൊന്നും ഉണ്ടാകില്ല. 1947ൽ പാക്കിസ്ഥാനിൽ നിന്നുള്ള ആളുകൾ കശ്മീരിൽ വന്ന് ആക്രമണം നടത്തി, അത് തീവ്രവാദമായിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു. അവർ വലിയ തോതിൽ ആളുകളെ കൊല്ലുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന.
മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തൽ. 2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതെങ്കിലും തരത്തിൽ അവിശ്വാസം രേഖപ്പെടുത്തി.