യുഎഇ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വേനല്‍ കടുക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഉച്ചവിശ്രമനിയമം അധികൃതര്‍ പ്രഖ്യാപിച്ചത്. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഉച്ചവിശ്രമം നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക.
ഈ കാലയളവില്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ പരിശോധനാ വിഭാഗത്തെ നിയോഗിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സ്ഥാപനങ്ങളാണ്. വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കു 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അതോടൊപ്പം കമ്പനിയെ തരംതാഴ്ത്തുകയും ചെയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.