<strong>തിരുവനന്തപുരം:</strong സംസ്ഥാന വ്യാപകമായി തിങ്കളാഴ്ചയും അതിശക്തമായ മഴതുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും സംസ്ഥാനത്തെമ്പാടും അതിശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. അപകട മേഖലകളിലുള്ള ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മണ്ണിടിഞ്ഞും മതിലിടിഞ്ഞും പലയിടത്തും ചെറിയ അപകടങ്ങളുണ്ടായി. വരുന്ന അഞ്ചു ദിവസങ്ങളിലും മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ കനത്തജാഗ്രത പ്രഖ്യാപിച്ചു. പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷ നടപടികൾ തുടരുന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനം വിലക്കി. മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണം. അപകടമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞിട്ടുണ്ട്. ചില ജില്ലകളിൽ ഖനനവും വിലക്കി. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ഉയർന്ന അലർട്ടാണിത്.അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മഴയാണ്.