കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പരാതികളുയര്‍ന്നുവരുന്നൊരു കാലമാണിത്. ഗാഡ്‌ഗെറ്റുകളുടെ വര്‍ധിച്ച ഉപയോഗം തന്നെയാണ് വലിയൊരു പരിധി വരെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന്റെ വരവോടെ പഠനവും, ജോലിയുമെല്ലാം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയവരും കൂടുതലാണ്. ഇതെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാവുന്നതാണ്. ഇത്തരത്തില്‍ ജീവിതരീതി കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കണമെങ്കില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ. പ്രത്യേകിച്ച ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തല്‍, ആറ് മണിക്കൂറെങ്കിലും ഉറക്കം തുടങ്ങിയ കാര്യങ്ങള്‍.
ഇതിന് പുറമെ ഡയറ്റിലും ചിലത് ശ്രദ്ധിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്താവുന്നതാണ്. അത്തരത്തിലൊരു ഡയറ്റ് ടിപ് ആണിനി പങ്കുവയ്ക്കുന്നത്. വൈറ്റമിന്‍-എ, സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നീ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് എപ്പോഴും കണ്ണിന് നല്ലതാണ്. ഇത്തരത്തിലൊരു ഭക്ഷണമാണ് ബെറി പഴങ്ങള്‍. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്നതാണ്.
പ്രധാനമായും വൈറ്റമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. ഇവ കണ്ണുകളെ ‘റിലാക്‌സ്’ ചെയ്യിക്കാനും കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും സഹായിക്കും. ‘യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്’ നടത്തിയ ഒരു പഠനപ്രകാരം ബ്ലൂ ബെറിയിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിന്‍’ എന്ന ഫ്‌ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മലിനീകരണവും പൊടിയും കണ്ണുകളിലുണ്ടാക്കുന്ന കേടുപാടുകളെ പരിഹരിക്കാന്‍ ബെറികളിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുമെന്നും ഈ പഠനം പറയുന്നു. ഉണക്കിയ ‘ഗോജി ബെറി’യാണെങ്കില്‍ പ്രായം കൂടുന്നതിന്റെ ഭാഗമായി കണ്ണുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാണത്രേ. ഇത്തരത്തില്‍ വിവിധയിനം ബെറികള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ സാധ്യമാണ്.