ചർമത്തിന്റെ സംരക്ഷണത്തിനുള്ള മികച്ച ഫെയ്സ്പാക്കുകൾ വളരെ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം. അടുക്കളയിൽ ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാൽ മതി എന്നതിനാൽ വലിയ ചെലവും ഇല്ല. ഇത്തരത്തിൽ തയാറാക്കാവുന്ന മികച്ച ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം.
∙ കുക്കുംബർ- പഞ്ചസാര ഫെയ്സ് പാക്ക്
വളരെ ഫലപ്രദമായ ഒന്നാണ് കുക്കുംബർ-പഞ്ചസാര ഫെയ്സ്പാക്ക്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്തു നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ് പാക്ക് സഹായിക്കുന്നു.
∙ നാരങ്ങ-തേൻ ഫെയ്സ് പാക്ക്
ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി, തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫെയ്സ് പാക്ക് ആണിത്. ഓരോ സ്പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകാം.
∙ തൈര് – കടലമാവ് ഫെയ്സ് പാക്ക്
വെയിലിൽ കരുവാളിച്ച ചർമത്തിന്റെ ഫ്രഷ്നസും തിളക്കവും വീണ്ടെടുക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും. ഏകദേശം തുല്യ അളവിൽ തൈരും കടലമാവും എടുക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തു പുരട്ടു ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകാം.
∙ നേന്ത്രപ്പഴം ഫെയ്സ് പാക്ക്
ചർമം വരളുന്നത് നിരവധിപ്പേര്‍ നേരിടുന്ന പ്രശ്നമാണ്. ഈ സന്ദർഭത്തിൽ പരീക്ഷിക്കാനുന്ന ഒന്നാണ് നേന്ത്രപ്പഴം ഫെയ്സ് പാക്ക്. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേന്‍ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തുമാകുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് സൂക്ഷിക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
∙ പാൽ- തേൻ ഫെയ്സ് പാക്ക്
പാൽപ്പൊടിയോ പാലോ എടുത്തശേഷം അതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച് മുഖത്തുപുരട്ടുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ചർമം തിളങ്ങാനും മൃദുവാകാനും ഈ ഫെയ്സ് പാക്ക് സഹായിക്കും.