വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പപ്പായ. ഈ ഫലം പോഷകങ്ങളുടെ കലവറയാണെന്ന് പറയാം. നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ഏറ്റവും വൈവിധ്യമാർന്ന പഴങ്ങളിൽ ഒന്നുകൂടിയാണ് ഇവ. സൗന്ദര്യസംരക്ഷണത്തിന് പപ്പായ ഏറെ ഫലപ്രദമാണ്.
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും കുറയ്ക്കാൻ ഇത് സഹായകമാണ്. പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ട് ചർമ്മത്തിൻ്റെ ആരോഗ്യം മികച്ചതാക്കാൻ ഉപയോഗിക്കാം പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്…
അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. രണ്ട് ടീസ്പൂൺ പാലും. ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. 10 മിനുട്ട് സെറ്റാകാൻ ഇത് മാറ്റിവയ്ക്കുക. മുഖത്തും കഴുത്തിലും ഈ പാക്ക് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ചർമ്മത്തെ എല്ലായ്പ്പോഴും മൃദുലവും, മിനുസമാർന്നതുമായി നിലനിർത്താൻ ഈ പാക്ക് സഹായിക്കും.
രണ്ട്…
അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടച്ചെടുക്കുക. ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി എന്നിവയെല്ലാം ഇതിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് പാക്ക് പരുവത്തിലാക്കുക. ശേഷം മുഖത്തും കഴുത്തിലും ഈ പാക്ക് ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റുന്നതിനും ചർമ്മം ലോലമാകാനും ഈ പാക്ക് ഫലപ്രദമാണ്. നാരങ്ങയിൽ ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്താനും അകാല വാർദ്ധക്യം കുറയ്ക്കാനും സഹായിക്കും.