അഹമ്മദാബാദ്∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇറാഖ് മുൻ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയാണെന്നും സർദാർ വല്ലഭായ് പട്ടേലിനെയോ ജവഹർലാൽ നെഹ്‌റുവിനേയോ മഹാത്മാഗാന്ധിയെയോപ്പോലെ മാറിയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചൊവ്വാഴ്ച അഹമ്മദാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി താടി വച്ചിരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം. ‘‘അദ്ദേഹത്തിന്റെ രൂപം മാറിയതായി ഞാൻ കണ്ടു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ടിവി അഭിമുഖത്തിനിടെ, രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തിനു കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞിരുന്നു. എന്നാൽ, നിങ്ങൾക്കു മാറണമെങ്കിൽ സർദാർ വല്ലഭായ് പട്ടേലിനെയോ ജവഹർലാൽ നെഹ്‌റുവിനെയോ പോലെ ആക്കുക. ഗാന്ധിജിയെ പോലെയാണെങ്കിലും നല്ലത്. എന്നാൽ, നിങ്ങളുടെ മുഖം എന്തുകൊണ്ടാണ് സദ്ദാം ഹുസൈനെ പോലെയായി മാറുന്നത്?. കാരണം, കോൺഗ്രസിന്റെ സംസ്‌കാരം ഇന്ത്യൻ ജനതയോട് അടുക്കുന്നില്ല. അവരുടെ സംസ്കാരം ഇന്ത്യയെ ഒരിക്കലും മനസ്സിലാക്കാത്ത ആളുകളുമായി കൂടുതൽ അടുക്കുന്നതാണ്’’– അദ്ദേഹം പറഞ്ഞു.
‘‘അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശ്, തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധി (ഭാരത് ജോഡോ യാത്രയ്ക്കിടെ) ആഗ്രഹിക്കുന്നു. പകരം വോട്ടെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം താന്‍ എവിടെ ചെന്നാലും തോൽക്കുമെന്ന് അദ്ദേഹത്തിനറിയാം’’– അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ച് രാഹുൽ ഗാന്ധിക്കൊപ്പം നർമദാ ബച്ചാവോ ആന്ദോളൻ പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. ‘‘ഗുജറാത്തിലെ ജലം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് അവരാണ്. ഗുജറാത്തിന്റെ വികസനം ഒരിക്കലും ആഗ്രഹിക്കാത്ത ആളുകൾക്കൊപ്പമാണു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്’’– അദ്ദേഹം പറഞ്ഞു. അതേസമയം, ഹിമന്തയുടെ പരാമർശങ്ങളെ വിമർശിച്ച കോൺഗ്രസ് നേതാവ് മനീഷ് തിവാരി, പൊതുസ്ഥലത്ത് ഭാഷയുടെ മര്യാദ നിലനിർത്തുകയും കുറച്ച് ഔചിത്യം നിലനിർത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നു കരുതുന്നുവെന്നു പറഞ്ഞു.