കൊച്ചി: കട കത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയില്‍ എത്തി തീയിട്ടത്. നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു.
മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പറഞ്ഞ സമയത്ത് തന്നെയാണ് ഇയാൾ കടയ്ക്ക് തീയിട്ടതും. ഇങ്ങനെയുള്ള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്ന് ഇയാള്‍ വീഡിയോയില്‍ ചോദിച്ചിരുന്നു. റിയല്‍ കമ്മ്യൂണിസം അതായത് ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.