തിരുവനന്തപുരം : ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കമ്പനി (കെ–സ്വിഫ്റ്റ്) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ യഥാസമയം സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ഗതാഗത വകുപ്പിനും വീഴ്ച. സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കെഎസ്ആർടിസി നിയമവിഭാഗം ഉപമേധാവി പി.ആർ.ഹേനയെ സിഎംഡി ബിജു പ്രഭാകർ സസ്പെൻഡ് ചെയ്തിരുന്നു. കെ–സ്വിഫ്റ്റ് രൂപീകരണത്തിൽ തൊഴിലാളി യൂണിയനകളുടെ ആശങ്ക പരിഹരിച്ചിറക്കിയ സർക്കാർ ഉത്തരവ് സംബന്ധിച്ച്, സത്യവാങ്മൂലം യഥാസമയം സമർപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ ഡിസംബർ 15ന് കേസ് പരിഗണിച്ചപ്പോൾ കെഎസ്ആർടിസി വിശദമായി സത്യവാങ്മൂലം സമർപ്പിച്ചതാണെന്നും നിലപാട് വ്യക്തമാക്കേണ്ടിയിരുന്നത് ഗതാഗത വകുപ്പമാണെന്നുമായിരുന്നു ഹേനയുടെ നിലപാട്.
ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ അന്നേ ദിവസത്തെ ഓർഡർ. സർക്കാരിന് സമയം നൽകി കേസ് ഡിസംബർ 20ലേക്ക് മാറ്റി. ഡിസംബർ 20ന് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി അഡിഷനൽ അഡ്വക്കേറ്റ് ജനറൽ കൂടുതൽ സമയം തേടിയെന്ന് ഹൈക്കോടതി വെബ്സൈറ്റിലുണ്ട്. ഇതുപ്രകാരമാണ് കേസ് ജനുവരി 10ലേക്കു മാറ്റിയത്. ഈ വസ്തുതകൾ മറച്ചുവയ്ക്കാനാണ് ഗതാഗത വകുപ്പ് സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ പി.ആർ.ഹേനയ്ക്കെതിരെ നടപടിയെടുത്തതെന്ന് ആക്ഷേപമുണ്ട്. സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതോടെ െക–സ്വിഫ്റ്റ് നടപ്പാക്കൽ നീണ്ടുപോവുകയാണ്. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.