കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് എറണാകുളം മുന്‍സിഫ് കോടതിയുടെ വിലക്ക് നിലവിലുള്ളതിനാലാണെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ട വിവരം ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് സംഘടനയില്‍ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. മറ്റുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ പൊതുജന താല്‍പ്പര്യം മുന്‍ നിര്‍ത്തിയും നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
പ്രഥമദൃഷ്ട്യാ മാനഹാനി ഉളവാക്കുന്ന വാര്‍ത്തകളാണ് സംഘടനയിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും തുമൂലം തങ്ങള്‍ക്കും തങ്ങളുടെ സ്ഥാപനത്തിനും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെന്നും പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കോടതിയില്‍ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിരോധന ഉത്തരവ് പുറത്തിറക്കിയത്. വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള തടസ്സം നീക്കുവാന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡും കോടതിയെ സമീപിച്ചിട്ടുണ്ട്.
തടസ്സം നീങ്ങിയാല്‍ വീണ്ടും വാര്‍ത്തകള്‍ നല്‍കുമെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. കേസ് വരുന്ന 18 നു കോടതി പരിഗണിക്കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ് (സുപ്രീംകോടതി), രാജേഷ് കുമാര്‍ ടി.കെ (കേരളാ ഹൈക്കോടതി) എന്നിവര്‍ ഹാജരാകും.